ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ റവന്യു ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 34 ജീവനക്കാരെയാണ് റവന്യു വകുപ്പ് സസ്‌പെന്റ് ചെയ്തത്. ഇതുകൂടാതെ സര്‍വ്വേ വകുപ്പിലെ 4 ജീവനക്കാരെയും സസ്‌പെന്റ് ചെയ്തു. നേരത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത 6 പേരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.

വിവിധ വകുപ്പുകളിലായി 1458 ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങിയെന്നാണ് ധനവകുപ്പ് നേരത്തെ കണ്ടെത്തിയത്. അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുകയും പലിശയും ഈടാക്കാന്‍ ഇതോടകം നിര്‍ദ്ദേശമുണ്ട്.

ആരോഗ്യവകുപ്പും വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ നിന്ന് പെന്‍ഷന്‍ തുക കൂടാതെ 18 ശതമാനം പലിശയും ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലാണ് കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്.

373 പേരാണ് ആരോഗ്യ വകുപ്പില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയിരുന്നു.