കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ നല്‍കിയ മൊഴി വ്യാജമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ പറയുന്നത് നുണയാണെന്ന് മഞ്ജുഷ പറഞ്ഞു. കാര്യങ്ങള്‍ ഏറ്റുപറയാന്‍ നവീന്‍ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.
കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. കേസിലെ പ്രതി പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടര്‍ ഇത്തരത്തിലുള്ള മൊഴി നല്‍കിയത്. കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല.
ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍.
Read more
അതുകൊണ്ട് നവീന്‍ ബാബു ഒരു കാരണവശാലും തനിക്ക് തെറ്റ് പറ്റിയെന്ന രീതിയിലുള്ള ഒരു ഇടപെടലും നടത്താന്‍ സാധ്യതയില്ലെന്നും മഞ്ജുഷ പറയുന്നു. അതേസമയം, യാത്രയയപ്പ് ദിവസം കളക്ടറോട് നവീന്‍ ബാബു തന്നോട് സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിന് നല്‍കിയ മൊഴി. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.