കൂപ്പുകൈകളോടെ നമസ്‌കാരം പറഞ്ഞ് വരവേല്‍ക്കണം, വിനയം നിര്‍ബന്ധം; സപ്ലൈകോ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം

സപ്ലൈകോ ജീവനക്കാര്‍ ഉപഭോക്താക്കളെ വിനയത്തോടെ കൂപ്പുകൈകളോടെ നമസ്‌കാരം പറഞ്ഞ് വരവേല്‍ക്കണമെന്ന് കര്‍ശന നിര്‍ദേശം. കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ നമസ്‌കാരം പറയല്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായില്ല എന്ന് കണ്ടെത്തിയതോടെയാണ് കേരളപ്പിറവി ദിനത്തില്‍ വീണ്ടും നിര്‍ദേശം കര്‍ശനമാക്കിയത്.

ഈ പ്രവൃത്തി വീണ്ടുമെത്തി സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കും വിധമാകണം സപ്ലൈകോ ജീവനക്കാരുടെ പെരുമാറ്റം എന്നാണ് നിര്‍ദേശം. സപ്ലൈകോ സ്റ്റോറുകളിലെ ശുചിത്വവും ആകര്‍ഷകത്വവും പരിപാലിക്കണം. സൗമ്യമായ പെരുമാറ്റവും നമസ്‌കാരം പറഞ്ഞ് വരവേല്‍ക്കുന്നതും ഇതിന് പ്രധാനമാണെന്ന് മാര്‍ക്കറ്റിങ് മാനേജര്‍ ജീവനക്കാരോട് വിശദീകരിച്ചു.

ഉപഭോക്താക്കളോട് സപ്ലൈകോ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജൂണ്‍ മുതല്‍ ഉപഭോക്താക്കളോടുളള പെരുമാറ്റം സംബന്ധിച്ച വിവധ നിര്‍ദേശങ്ങള്‍ നല്‍കിയത്.

എന്നാല്‍ ഇത് പാലിക്കാതെ വന്നതോടെയാണ് നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ചക്കാലം നമസ്‌കാരം പറയല്‍ നിര്‍ദേശം കര്‍ശനക്കിയത്. നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പുവരുത്താന്‍ മേഖലാ, ഡിപ്പോ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.