സമ്പർക്കം വഴി കൂടുതൽ രോഗികൾ; മലപ്പുറം ജില്ലയിൽ സമൂഹ വ്യാപന ആശങ്ക, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ സമൂഹ വ്യാപന ആശങ്ക ഉയരുന്നു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. ജില്ലയിലെ നാല് പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാർഡുകളും, പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളാക്കി മാറ്റി.

എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റുമാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി, സ്റ്റാഫ് നഴ്‌സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി എന്നിവര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

പ്രദേശത്ത് സാമൂഹ്യ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വട്ടംകുളം, എടപ്പാൾ, മാറഞ്ചേരി , ആലങ്കോട് പഞ്ചായത്തുകൾ പൂർണ്ണമായും പൊന്നാനി മുൻസിപ്പാലിറ്റിയിലെ 47 വാർഡുകളും , പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളാക്കി മാറ്റി.

ജില്ലയിൽ ഇതുവരെ സമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല എന്നാണു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇനിയും രോഗവ്യാപന സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ആളുകൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടംകൂടുന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. കണ്ടെയ്‍ന്‍‍മെന്‍റ് മേഖലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കര്‍ശനമാക്കുകയും ചെയ്തു. 466 പേർക്കാണ് ജില്ലയിൽ ഇത് വരെ കോവിഡ് ബാധിച്ചത് . ഇതിൽ 224 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.