'നിരന്തരം ശല്യം ചെയ്യുന്നു, സ്വകാര്യത മാനിക്കുന്നില്ല'; പ്രത്യേക അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് മുകേഷിനെതിരായ പരാതിക്കാരി

ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി നടനും എംഎൽഎയുമായ മുകേഷിനെതിരെ പീഡന പരാതി നൽകിയ നടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമർശിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ശബ്ദ സന്ദേശം ചർച്ചയാകുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘം പീഡിപ്പിക്കുകയാണെന്ന് ഇവർ ആരോപിച്ചു.

പുറംലോകവുമായി സംസാരിക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി. ഉപദ്രവമാണ് നടക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പരാതിക്കാരി പറയുന്നു. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിൻ്റെയും സ്വകാര്യത മാനിക്കാൻ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ നടി പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്.

ഫേസ്ബുക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല. പാസ്​വേഡുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരുന്ന ​ഫോൾഡർ ഡിലീറ്റ് ചെയ്ത് കളഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി നിരന്തരമായി ഉദ്യോഗസ്ഥർ വീട്ടിൽ വരികയാണ്. ഇത് മകനെയടക്കം വലിയ രീതിയിൽ ബാധിക്കുന്നു. സ്വകാര്യതയെ ബാധിക്കുന്ന വിധമാണ് ഇവരുടെ പെരുമാറ്റമെന്നും പരാതിക്കാരി ആരോപിക്കുന്നു. നേരത്തേ സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവർ സിനിമാ മേഖലയിലുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്.

അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോൾ തൻ്റെ ആത്മവിശ്വാസം പോയെന്ന് നടി പറ‌ഞ്ഞു. ജാമ്യം നൽകിയ ഉത്തരവിനെതിരെ എന്തുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകിയില്ലെന്നും അന്വേഷണ സംഘത്തിൻ്റെ ഇടപെടലുകൾ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അവർ പറയുന്നു. അതിനാലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഇന്നലെ പൂങ്കുഴലി നേരിട്ടെത്തി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയെന്നും അവർ വ്യക്തമാക്കി.

മുകേഷിന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകണമെന്ന് ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എസ്‌പിയോട് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. അന്വേഷണ സംഘം അപ്പീൽ നൽകിയില്ലെങ്കിൽ താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.

Read more