ഓണ്‍ലൈൻ പഠനത്തിനായി കേരളം അവതരിപ്പിച്ച ലാപ് ടോപ് ബ്രാന്‍ഡ് കോക്കോണിക്‌സ് കമ്പനിക്കെതിരെ വ്യാപക പരാതി. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം. ഓണാകുക പോലും ചെയ്യാതെ ലാപ്ടോപ്പ് ഇപ്പോൾ വെറുതെ ഇരിക്കുന്ന അവസ്ഥയാണ്. ഒന്നോ രണ്ടോ ഓൺലൈൻ ക്ലാസുകളിൽ കൂടുതൽ ലാപ്ടോപ്പിൽ നിന്ന് പങ്കെടുക്കാൻ ആയിട്ടില്ലെന്ന് കുട്ടികൾ പറയുന്നു. വിദ്യാശ്രീ പദ്ധതിയിൽ ലാപ്ടോപ്പ് കിട്ടുന്നില്ലെന്ന പരാതികൾ കൂടുമ്പോഴാണ് കിട്ടിയ ലാപ്ടോപ്പുകളിൽ വ്യാപക പ്രശ്നങ്ങൾ.
മൊബൈൽ ഫോണ്‍ ഉപയോഗത്തിലെ പരിമിതികളിൽ നിന്നും ഓണ്‍ലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. പതിനയ്യായിരം രൂപയുടേതാണ് കോക്കോണിക്സിൻറെ ലാപ്ടോപ്പ്. അഞ്ഞൂറു രൂപയാണ് മാസം അടവ്. പലതും ഓണാകുന്നതു പോലും ഇല്ല. എട്ടാംക്ലാസുകാരൻ ആയുഷിന് മൂന്ന് തവണയാണ് ലാപ്ടോപ്പ് മാറ്റി നൽകിയത്. കോക്കോണിക്സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികൾ അറിയിച്ച് രക്ഷിതാക്കൾ മടുത്തു. ലാപ്ടോപ്പ് കിട്ടിയവർ തവണ മുടക്കിയാൽ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പും വന്നു.
അതേസമയം പിഴവ് കോക്കോണിക്സും സമ്മതിക്കുന്നു. 2100ഓളം ലാപ്ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇരുപത് ശതമാനം ലാപ്ടോപ്പിൽ പ്രശ്നങ്ങളുണ്ടെന്നാണ് മറുപടി. ഇത് മാറ്റി നൽകാൻ നടപടിയെടുക്കുമെന്നാണ് പ്രതികരണം.