ഇ.പി ജയരാജന് എതിരായ പരാതി: അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്

വൈദീകം റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ ആണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതിക്കാരന്‍.

മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാധീനം ഉപയോഗിച്ചെന്നും ആന്തൂര്‍ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും കാട്ടിയാണ് പരാതി. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റിസോര്‍ട്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Read more

വിവാദങ്ങള്‍ക്കിടെ ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇതിനായി ജയരാജന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ജയരാജന്‍ മറുപടി നല്‍കും.