വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാൻ വിളിച്ച ബന്ധുവിനോട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം. സി ജോസഫൈൻ അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി. പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി 89 വയസുകാരിയായ ലക്ഷ്‌മിക്കുട്ടിയമ്മയാണ് അയൽവാസി മദ്യലഹരിയിൽ തനിക്ക് നേരെ നടത്തിയ ആക്രമണത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നത്. ഇതിന്റെ ഹിയറിംഗിനായി വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെ അടൂരിൽ എത്താൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ വിളിച്ച ലക്ഷ്‌മിക്കുട്ടിയമ്മയുടെ ബന്ധുവിനോടാണ് എം.സി ജോസഫൈൻ അധിക്ഷേപിച്ച് സംസാരിച്ചത്.
വൃദ്ധയെ ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്‌റ്റേഷനിലല്ലേ പറയേണ്ടത് എന്നും 89 വയസായ അമ്മയെ കൊണ്ട് വനിതാ കമ്മീഷനിലാണോ പരാതിപ്പെടുന്നതെന്നും എം.സി ജോസഫൈൻ ചോദിച്ചു. പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതു കൊണ്ടാണ് വനിതാ കമ്മീഷനിൽ പരാതിപ്പെട്ടതെന്ന് അറിയിച്ചിട്ടും അധിക്ഷേപം തുടരുകയായിരുന്നുവെന്നാണ് പരാതി.
അതേസമയം, സംഭവം വിവാദമായപ്പോൾ പ്രതികരിച്ച് ജോസഫൈൻ രംഗത്തെത്തി. പരാതിക്കാരിയുടെ ബന്ധു ഫോൺ സംഭാഷണം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ജോസഫൈൻ പറഞ്ഞു. പരാതിക്കാരിയുടെ ഇടപെടൽ രാഷ്ട്രീയപ്രേരിതമാണെന്നും ജോസഫൈൻ പറഞ്ഞു.