വനിതാ കമ്മീഷന് അദ്ധ്യക്ഷ എംസി ജോസഫൈന് എതിരെ വനിതാ കമ്മീഷനില്‍ പരാതി നൽകി കൊല്ലം ഡിസിസി അദ്ധ്യക്ഷ ബിന്ദു കൃഷ്ണ. ടെലിവിഷന്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ജോസഫൈനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ നിഷേധിച്ച് എം.സി ജോസഫൈന് രംഗത്തെത്തി. അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈന് പറഞ്ഞു. ഞാനും ഒരു സാധാരണ സ്ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്ന് ജോസഫൈന് പറഞ്ഞു.
പരാതി നല്‍കിയില്ലെങ്കില്‍ അനുഭവിച്ചോളൂ എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും വനിതാ കമ്മീഷന് അദ്ധ്യക്ഷ വ്യക്തമാക്കി. പൊലീസില്‍ പരാതി നല്കാന് നിര്‍ദേശിക്കുകയാണ് ചെയ്തത്. അത് പൊലീസ് സ്റ്റേഷനില്‍ പോകേണ്ട പരാതിയാണ്. കൊടുക്കാതിരുന്നത് ശരിയായില്ല എന്നാണ് പറഞ്ഞത്. തികഞ്ഞ ആത്മാര്‍ത്ഥതയോടെ, സത്യസന്ധതയോടെയാണ് താന്‍ പറഞ്ഞതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോസഫൈന് വ്യക്തമാക്കി.
പരാതി നല്‍കിയില്ലെങ്കില്‍ അനുഭവിച്ചോളൂ എന്ന് മാഡം പറഞ്ഞതായി വീഡിയോ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെ പല വീഡിയോയും വരുമെന്നായിരുന്നു മറുപടി. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായിട്ടാണ് മുന്നോട്ടു പോകുന്നത്. അത്രയേറെ സ്ത്രീകളാണ് പരാതികളുമായി വിളിക്കുന്നത്.
Read more
ഒരു സ്ത്രീക്ക് അസഹ്യമായ അനുഭവം ഭര്‍ത്താവില്‍ നിന്നോ, ആരില്‍ നിന്നോ ഉണ്ടായാലും പെട്ടെന്ന് ഓടിയെത്താന്‍ വനിതാ കമ്മീഷന് കഴിയില്ല. പൊലീസില്‍ പരാതി നല്കിയാല് അതിന് ഒരു ബലമുണ്ടാകും. എല്ലാ പരാതിക്കാരോടും പറയുന്ന കാര്യമാണിത്. സാധാരണക്കാരും യഥാവിധിയല്ല കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കുന്നതും തിരിച്ചു പറയുന്നതും. അപ്പോള്‍ ചിലപ്പോ ഉറച്ച ഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകുമെന്നും ജോസഫൈന് പറഞ്ഞു.