യുവനടിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. നടി റോഷ്ന ആൻ റോയിയുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് നടപടി. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സമൂഹികമാധ്യമ പോസ്റ്റിട്ട നടിക്കെതിരെ മോശം ഭാഷയിൽ വീഡിയോ ചെയ്തെന്നാണ് പരാതി. അതേസമയം 2022ല്‍ സമാനമായ കേസിൽ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ച്യ്തിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് അന്ന് സൂരജ് പാലാക്കാരനെ എറണാകുളം എസിപി അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു.
ഇടുക്കി സ്വദേശിയായ യുവതിയെ അസഭ്യം പറഞ്ഞെന്നായിരുന്നു കേസ്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് സൂരജ് പാലാക്കാരൻ യുവതിയെ അധിക്ഷേപിച്ചത്. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരി കൂടിയായ യുവതി പരാതി നൽകിയത്.
അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. തുടർന്ന് 2022 മെയ് 27ന് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകി. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് സൂരജ് പാലാക്കാരൻ യൂട്യൂബ് വീഡിയോ പുറത്തുവിട്ടത്. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാല് ലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലി സ്വദേശിനി പൊലീസിനെ സമീപിച്ചതും പരാതി നൽകിയതും.
തുടർന്ന് സൂരജ് പാലാക്കാരൻ മുൻകൂ ജാമ്യാപേക്ഷ നൽകി. എന്നാൽ ഡിജിറ്റൽ ഇടങ്ങളും പൊതു ഇടങ്ങളാണെന്നും ഇവിടെ സ്ത്രീകളെ അപമാനിക്കുന്നത് കുറ്റകരമാണെന്നും വ്യക്തമാക്കി ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സൂരജ് പാലാക്കാരന്‍റെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നാണ് ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അന്ന് വ്യക്തമാക്കി. പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു. ഇതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
കേസിൽ പിന്നീട് കോടതി ഇയാൾക്ക് ജാമ്യം ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മധ്യമത്തിലൂടെ പരാമർശങ്ങൾ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെ ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്. അതിനിടയിലാണ് യുവനടിയെ അപമാനിച്ചെന്ന പരാതിയിൽ സൂരജ് പാലാക്കാരനെതിരെ പുതിയ കേസ്.