കെ. സുരേന്ദ്രന്‍ നല്‍കിയ പണം തട്ടിയെടുത്തതായി പരാതി; സുന്ദരയ്ക്ക് നല്‍കേണ്ട പണം തട്ടിയതില്‍ ബി.എസ്.പിയില്‍ പൊട്ടിത്തെറി

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ഏറെ വിവാദത്തിലാഴ്ത്തിയ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ വീണ്ടും വിവാദം. കെ സുരേന്ദ്രനില്‍ നിന്നും കൈപ്പറ്റിയ പണം ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് നല്‍കാതെ ബി.എസ്.പി നേതാവ് വകമാറ്റിയെന്നാണ് പുതിയ ആരോപണം. സുന്ദരയ്ക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സുന്ദരയ്ക്ക് ലഭിച്ചതാകട്ടെ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും മാത്രമെന്ന് സുന്ദര തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം 25 ലക്ഷം രൂപയെന്നത് ബിജെപി നേതാവ് കെ സുരേന്ദ്രനും നിഷേധിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രന്‍ അപര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതി. പരാതി ഉയര്‍ന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുന്ദരയുടെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ലഭിച്ച പണത്തെച്ചൊല്ലി ബി.എസ്.പി സംസ്ഥാന കമ്മിറ്റിയില്‍ പൊട്ടിത്തെറി ഉടലെടുത്തിരിക്കുന്നു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ പണത്തെ ചൊല്ലിയാണ് കൂട്ടയടി ആരംഭിച്ചത്. സുരേന്ദ്രന്‍ നല്‍കിയത് 25 ലക്ഷം രൂപയാണെന്നും ഇതില്‍ തനിക്ക് രണ്ടര ലക്ഷവും ഒരു മൊബൈല്‍ ഫോണും മാത്രമേ ലഭിച്ചിട്ടുള്ളുവെന്നുമാണ് ബി.എസ്.പി മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര പറഞ്ഞിരുന്നത്.

ബാക്കിവരുന്ന തുക ബി.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ജിജോ കുട്ടനാട് അടിച്ചുമാറ്റിയെന്നാണ് ആരോപണം ഉയരുന്നത്. ഈ പണം ഉപയോഗിച്ച് ജിജോ കുട്ടനാട് വയനാട്ടില്‍ സ്ഥലം വാങ്ങാന്‍ ഒരുങ്ങുകയാണെന്നും ബി.എസ്.പി സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. എന്നാല്‍ ഇത് തന്റെ ഭാര്യാപിതാവിന്റെ സ്ഥലം വിറ്റ പണം ആണെന്നുമാണ് ജിജോ വാദിക്കുന്നത്.

അതേസമയം അത്തരത്തില്‍ ഒരു സ്ഥലം വില്‍പ്പനയും നടന്നിട്ടില്ലെന്ന് തങ്ങള്‍ക്ക് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്ന് സംസ്ഥാന കമ്മിറ്റിയിലെ നേതാക്കള്‍ പറയുന്നു. ജിജോ കുട്ടനാട് നോമിനേറ്റ് ചെയ്ത പ്രകാരമാണ് മഞ്ചേശ്വരം, കുട്ടനാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ ബി.എസ്.പി തീരുമാനിച്ചതെന്നും നേതാക്കള്‍ പറയുന്നു. മഞ്ചേശ്വരത്തിന് പിന്നാലെ കുട്ടനാട് സ്ഥാനാര്‍ത്ഥിയെയും സിപിഐഎമ്മില്‍ നിന്ന് പണം വാങ്ങി പിന്‍വലിച്ചുവെന്ന ആരോപണവും ഒരുപറ്റം നേതാക്കള്‍ ഉയര്‍ത്തുന്നു.

Read more

സെപ്റ്റംബര്‍ ഏഴിന് എറണാകുളത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് ചേരുന്ന ബി.എസ്.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയങ്ങള്‍ ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്റെ പദ്ധതി. 25 ലക്ഷം നല്‍കിയെന്ന ആരോപണം ബിജെപി നേരത്തെ തന്നെ നിഷേധിച്ചിരുന്നു.