ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ഉണ്ടായതിന് പിന്നില്‍ ബയോമൈനിംഗ് കമ്പനിയായ സോണ്‍ട ഇന്‍ഫ്രാടെക്കിന്റെ വീഴ്ച. തരംതിരിച്ച ശേഷം കൊണ്ടു പോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാര്‍ കമ്പനി മാറ്റിയില്ല. ബ്രഹ്‌മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു.
ബയോംമൈനിംഗില്‍ മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ ഏറ്റെടുത്തത്. ഇതിന് ശേഷം കമ്പനിയുടെ പ്രവര്‍ത്തികളില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ജനുവരിയില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലും ശരിയായ രീതിയിലല്ല ബയോമൈനിംഗ് എന്ന് കണ്ടെത്തിയിരുന്നു.
11 കോടി രൂപയോളം കരാര്‍ വഴി കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂര്‍ത്തിയാക്കിയത്. 2022 ജനുവരി മുതല്‍ 2022 സെപ്റ്റംബര്‍ വരെയായിരുന്നു ബയോമൈനിംഗിനുള്ള കാലാവധി. ഈ കാലയളവില്‍ ആകെ ബയോൈമനിംഗ് നടത്തിയത് 25 ശതമാനം മാത്രവും.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നിര്‍ബന്ധിതരായത്. കെഎസ്‌ഐഡിസി ക്ഷണിച്ച കരാര്‍ ബയോമൈനിംഗ് പരിചയമില്ലാതിരുന്നിട്ടും സോണ്‍ട ഇന്‍ഫ്രാടെക്കിന് ലഭിക്കുകയായിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിലല്ല എന്ന് മലിനീകരണ ബോര്‍ഡ് കണ്ടെത്തിയിരുന്നു.
തരംതിരിച്ച പ്ലാസ്റ്റിക്ക് ഇന്ധനമാക്കാന്‍ മാറ്റാതെ ഇതും പ്ലാന്റില്‍ തള്ളുകയായിരുന്നു. തീപിടുത്തമുണ്ടായപ്പോള്‍ ഇത് കൂടി കത്തിയുരുകിയതും വിഷപ്പുകയുടെ അളവ് കൂട്ടി. എന്നാല്‍ മഴയും ബ്രഹ്‌മപുരത്തെ മണ്ണിന്റെ ഘടനയും ശരിയായ രീതിയിലുള്ള ബയോമൈനിംഗിന് തടസമായിട്ടുണ്ടെന്നാണ് സോണ്‍ട ഇന്‍ഫ്രാടെക്കിന്റെ മറുപടി.