ഗുരുതര കുറ്റങ്ങൾ അറിഞ്ഞിട്ടും മറച്ചു വച്ചു; പി വി അൻവറിനെതിരെ കേസെടുക്കണമെന്ന് ഷോൺ ജോർജ്, ഡിജിപിക്ക് പരാതി നൽകി

പി വി അൻവറിനെതിരേ കേസെടുക്കണമെന്ന് ഷോൺ ജോർജ്. ഇത് സംബന്ധിച്ച് ഷോൺ ജോർജ് ഡിജിപിക്ക് പരാതി നൽകി. ഗുരുതര കുറ്റങ്ങൾ അറിഞ്ഞിട്ടും അത് മറച്ചു വച്ചതും കുറ്റകൃത്യമാണെന്നും കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം.

ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും എഡിജിപി എം ആർ അജിത്കുമാറിനെതിരെയും പി വി അൻവർ എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള അജിത് കുമാർ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നുവെന്നും പി വി അൻവർ കുറ്റപ്പെടുത്തി. അജിത്കുമാർ നോട്ടോറിയസ് ക്രിമിനലാണെന്നും അയാൾ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് വലിയൊരു കൊട്ടാരം പണിയുന്നുണ്ടെന്നും സോളാർ കേസ് അട്ടിമറിച്ചത് എം ആർ അജിത്ത് കുമാറാണെന്നും പി വി അൻവർ പറഞ്ഞു. എംആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ കൂടി പുറത്ത് വരുന്നത്. അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ടെന്നും മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായിയെന്നും പി വി അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. അജിത്ത് കുമാർ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങൾ നിലനിൽക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നുവെന്നും പൊളിറ്റക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും പിവി അൻവർ പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു.