കണ്ടക്ടര്‍ മൂത്രപ്പുരയില്‍, ബെല്ലടിച്ചത് യാത്രക്കാരന്‍; കണ്ടക്ടർ ഇല്ലാതെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിയത് 18 കിലോമീറ്റര്‍

കണ്ടക്ടറില്ലാതെ യാത്രക്കാരും ഡ്രൈവറും മാത്രമായി ഒരി സ്റ്റാന്‍ഡില്‍ നിന്നും അടുത്ത സ്റ്റാന്‍ഡിലേക്ക് ഓടിയെത്തി കെഎസ്ആര്‍ടിസി ബസ്. പത്തനംതിട്ടയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആര്‍ടിസി ബസാണ് കണ്ടക്ടറില്ലാതെ 18 കിലോമീറ്റര്‍ സഞ്ചരിച്ചത്.

ബസ് കൊട്ടാരക്കര സ്റ്റാന്റിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കുന്നതിനായി ഇറങ്ങിയിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ ഡബിള്‍ ബെല്ലടിച്ചു. ഇത് കേട്ട് ഡ്രൈവര്‍ വണ്ടി എടുക്കുകയാരുന്നു. ശൗചാലയത്തില്‍ പോയ ഡ്രൈവര്‍ തിരികെ എത്തിയപ്പോള്‍ സ്റ്റാന്‍ഡില്‍ ബസ് കണ്ടില്ല. തുടര്‍ന്നാണ് ബസ് സ്റ്റാന്റ് വിട്ട് പോയ കാര്യം അറിയുന്നത്.

ശേഷം കണ്ടക്ടര്‍ കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് വിവരം അടൂര്‍ ഡിപ്പോയില്‍ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടൂര്‍ ഡിപ്പോയില്‍ വണ്ടി പിടിച്ചിട്ടു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കണ്ടക്ടര്‍ മറ്റൊരു ബസില്‍ അടൂരിലെത്തി. ഇതിന് ശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്.