സംസ്ഥാനത്ത് സ്ഥിരീകരിച്ച മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. മങ്കിപോക്‌സിന് കാരണം എ.2 വൈറസ് വകഭേദമാണെന്നാണ് ജിനോം സീക്വന്‍സ് പഠനം. ഈ് വകഭേദത്തിന് വ്യാപനശേഷി കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെയും പരിശോധന് പൂര്‍ത്തിയായി.
അതേസമയം ഇന്നലെ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
രണ്ടാഴ്ച മുന്‍പു ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് വെള്ളിയാഴ്ച ചര്‍മ രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെയും ഒപ്പമുള്ളയാളെയും പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. യുവാവിനു കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
അതേസമയം മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി കേന്ദ്രം മരുന്ന് കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനകം താല്‍പര്യപത്രം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.