നിയമസഭയിലെ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരായ കേസില്‍ തുടര്‍നടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടന്‍ പരിഗണിക്കില്ല. തുടര്‍ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിലെ തുടര്‍നടപടിക്കാണ് മ്യൂസിയം പൊലീസ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്. സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപ്പട്ടികയിലുള്ള എംഎല്‍എമാരുടെയും സാക്ഷികളായ എംഎല്‍എമാരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കാനും അനുമതി ചോദിച്ചിരരുന്നു.
സഭാ ടിവിയുടെയും സഭാ മന്ദിരത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. അതേസമയം, സഭ നടത്തിക്കൊണ്ട് പോകാന്‍ ഒട്ടും പറ്റാത്ത സ്ഥിതിക്കൊടുവില്‍ കഴിഞ്ഞ ദിവസവും സമ്മേളനം വെട്ടിച്ചുരുക്കി പിരിയുകയായിരുന്നു.
ഈ മാസം 30 വരെ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് നേരത്തെ അവസാനിപ്പിക്കേണ്ടി വന്നത്. ആകെ 21 ദിവസം മാത്രമാണ് സമ്മേളനം നടന്നത്. ആകെ എട്ട് ബില്ലുകള്‍ മാത്രമാണ് ഇതുവരെ പാസാക്കിയത്.