മലപ്പുറത്ത് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവൻഷനിലേക്ക് എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തിയത്.
അതേസമയം, ധീരജിന്റെ കൊലപാതകത്തെ യൂത്ത് കോൺഗ്രസ് അപലപിച്ചു. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. കഠാര രാഷ്ട്രീയത്തെ എല്ലാക്കാലത്തും തള്ളിപ്പറഞ്ഞ പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസ്. കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉയർന്ന ആരോപണങ്ങളെപ്പറ്റി പരിശോധിക്കുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ് നുസൂർ പറഞ്ഞു. കൊലപാതകത്തിന്റെ പേരിൽ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ.യും വ്യാപകമായി ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട് കലാപസമാനമായ അന്തരീക്ഷം താഴെത്തട്ടിൽ സൃഷ്ടിക്കാനുള്ള ആഹ്വാനം പല നവമാധ്യമ ഗ്രൂപ്പുകളിലും നൽകുന്നുമുണ്ട്. സിപിഎം നേതാക്കൾ പ്രവർത്തകരോട് സംയമനം പാലിക്കാൻ പറയണം. അല്ലായെങ്കിൽ ആക്രമണങ്ങളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കുക തന്നെ ചെയ്യും എന്നും നുസൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.