ദേശീയ തലത്തിലെ പിളർപ്പ് ചർച്ചയാകുന്നതിന് പിറകെ എൻസിപി കേരളാ ഘടകത്തിൽ ഭിന്നത രൂക്ഷമാകുകയാണ്. തോമസ് കെ തോമസ് എംഎൽഎക്കെതിരെ പാർട്ടിയിൽ നടപടിക്ക് നീക്കം നടക്കുകയാണ്. എംഎൽഎക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും.
പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് ശരത്പവാറിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്. ഇന്ന് തന്നെ എംഎൽഎക്കെതിരെ നടപടിയുണ്ടാവുമെന്നാണ് വിവരം. പരാതിയിൽ ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയെന്നാണ് റിപ്പോർട്ടുകൾ.
എൻസിപിയുടെ വർക്കിംഗ് കമ്മിറ്റി അംഗമായ തോമസ് കെ തോമസിനെ ആ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ആവശ്യം. ഇന്ന് തന്നെ അക്കാര്യത്തിൽ തീരുമാനമുണ്ടാവും. എന്നാൽ നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കാനാണ് തോമസ് കെ തോമസിന്റെ നീക്കം. നടപടി എടുത്താലും പരാതിയിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ തോമസ്.
തോമസ് കെ തോമസിന്റെ വധശ്രമ പരാതി ഗുരുതരമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. വധിക്കാൻ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും, ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.