കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്നാവർത്തിച്ച് പത്തനംതിട്ട എൻഡിഎ സഥാനാർത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി രംഗത്ത്. ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്‍റണി എത്തുന്നത്.
തന്‍റെ പാക്കിസ്ഥാൻ പരാമര്‍ശത്തിലുറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അനില്‍ ആന്‍റണി രംഗത്തെത്തിയിരിക്കുന്നത്. പറയുന്നത് എല്ലാവരോടും അല്ലെന്നും വോട്ടിന് വേണ്ടി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ആന്‍റോ ആന്‍റണിയെ പോലെയുള്ളവരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും അനില്‍ ആന്‍റണി വ്യക്തമാക്കി.
നേരത്തെ കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന അനില്‍ ആന്‍റണിയുടെ പരാമര്‍ശത്തിനെതിരെ ആന്‍റോ ആന്‍റണി രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണമെന്ന് അനിൽ ആന്‍റണി നിലപാട് വ്യക്തമാക്കണമെന്നും ആന്റോ ആന്റണി പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിലാണ് പുൽവാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണവുമായി ആന്റോ ആന്റണി രംഗത്തെത്തിയത്. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നായിരുന്നു ആന്റോ ആന്റണിയുടെ ആരോപണം. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. പുൽവാമ സ്ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചിരുന്നു. പുല്‍വാമ പരാമര്‍ശം ചര്‍ച്ചയായതോടെ ആന്‍റോ ആന്‍റണി അത് തിരുത്തിപ്പറഞ്ഞെങ്കിലും ദേശീയതലത്തില്‍ ബിജെപി ഇത് ഏറ്റെടുത്തു.