'മോദിയുടെ വാക്കുകേട്ട് പൊലീസുകാർ ഇടപെട്ടാൽ സ്വന്തം ഭാര്യയെയും മക്കളെയും കാണില്ല'; പൊലീസിനെതിരെ കൊലവിളി നടത്തിയ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അറസ്റ്റിൽ

പൊലീസിനെതിരെ കൊലവിളി നടത്തിയ പാലക്കാട് കൂറ്റനാട് കോൺഗ്രസ് ബൂത്ത് പ്രസിഡൻറിനെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി പാലയ്ക്കൽ പീടികയിൽ മുഹമ്മദ് അലി (45)യെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിൽ പൊലീസിനെ വെല്ലുവിളിച്ചും പ്രകോപനം സൃഷ്ടിച്ചും പോസ്റ്റിട്ടതിനാണ് നടപടി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി കൊലവിളി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട മറുപടി പോസ്റ്റിലാണ് നടപടി. തൃത്താലയിൽ രാഹുൽ വന്നാൽ ബിജെപിക്കാർ തടയുന്നത് ഒന്നു കാണാം, മോദിയുടെ വാക്കുകേട്ട് പൊലീസുകാർ ഇടപെട്ടാൽ സ്വന്തം ഭാര്യയെയും മക്കളെയും കാണാൻ പറ്റില്ലെന്നാണ് പോസ്റ്റിൻറെ ഉള്ളടക്കം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിൻറെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻറെ കൊലവിളി പ്രസംഗം. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻറെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്.

Read more