കോണ്‍ഗ്രസിന്റെ വര്‍ഗീയ നിലപാടുകളെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പെട്ടതാണ് കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ട്. ഇതിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയും വര്‍ഗീയ നിലപാടാണ് സ്വീകരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടെങ്കിലും ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചുവരാനാകും. ഇടതുപക്ഷം തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും. കഴിഞ്ഞതിന് മുമ്പത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് തോല്‍വി നേരിട്ടു. അതിനുശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ 75 ശതമാനത്തോളം തദ്ദേശസ്ഥാപനങ്ങളില്‍ ഇടതുപക്ഷം വിജയിച്ചു. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റും നേടി.
സര്‍ക്കാര്‍ ഇടപെടേണ്ട മുന്‍ഗണനാ വിഷയങ്ങള്‍ കൃത്യമായി തീരുമാനിച്ച് നടപ്പാക്കും. ക്ഷേമ പെന്‍ഷനുകള്‍ അതത് മാസങ്ങളില്‍ ജനങ്ങളുടെ കൈകളില്‍ എത്തിക്കും. സമൂഹത്തില്‍ ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കേണ്ടവര്‍ക്കെല്ലാം കൃത്യമായി ഉറപ്പാക്കും. അതോടൊപ്പം വികസനപ്രവര്‍ത്തനങ്ങളും നടത്തുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.