ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഷാഫി പറമ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പാലക്കാട് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസിന്റെ ജില്ല നേതാക്കള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയാണ് ജില്ല നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്.
നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായിരുന്നു. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലിനും രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാലക്കാട്ടെ കോണ്‍ഗ്രസ് ജില്ല നേതാക്കള്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
പാലക്കാട് സിപിഎം വോട്ടുകള്‍ കൂടി നേടാനാകുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. സിപിഎമ്മിനെ നിരന്തരം അധിക്ഷേപിക്കുന്ന രാഹുല്‍ സ്ഥാനാര്‍ത്ഥിയായാല്‍ തിരിച്ചടി ലഭിക്കുമെന്നാണ് ജില്ല നേതാക്കളുടെ വിലയിരുത്തല്‍. നേരത്തെ പാലക്കാട് രമ്യ ഹരിദാസിന്റെയും കെ മുരളീധരന്റെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു.
ആലത്തൂരില്‍ കെ രാധാകൃഷ്ണനോട് പരാജയപ്പെട്ട രമ്യയ്ക്ക് ഒരു അവസരം കൂടി പാര്‍ട്ടി നല്‍കണമെന്ന് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. സമാനമായി കെ മുരളീധരന് വേണ്ടിയും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ബിജെപിയ്ക്ക് ആധിപത്യമുള്ള പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെ സിപിഎമ്മിനെതിരെ നിരന്തരം അധിക്ഷേപ പരാമര്‍ശങ്ങളുമായി രംഗത്തുവരുന്ന സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന് തിരിച്ചടിയാകും.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇ ശ്രീധരനില്‍ നിന്ന് നേരിയ ഭൂരിപക്ഷത്തിലായിരുന്നു ഷാഫി പറമ്പില്‍ പാലക്കാട് മണ്ഡലം നിലനിര്‍ത്തിയത്. ഇത്തവണ സി കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍ തുടങ്ങിയവരെയാണ് ബിജെപി പാലക്കാട് മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന പട്ടികയിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പാലക്കാട് നഗരസഭയില്‍ ഉള്‍പ്പെടെ ആധിപത്യമുള്ള ബിജെപിയ്ക്ക് തിരിച്ചടി നല്‍കണമെങ്കില്‍ കെ മുരളീധരനെ പോലെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ജില്ല നേതാക്കളുടെ ആവശ്യം.