കോണ്‍ഗ്രസിന് എതിരെ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്. നേതാക്കള്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുട പിടിക്കുകയാണെന്നും അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയിലൂടെ വിമര്‍ശിക്കുന്നു.
കത്തോലിക്കാ സഭയുടെ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന ലേഖനത്തിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടായി. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞു കുളിച്ചാണ് കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന പരാജയവും അതിരൂപത ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിനെയാണ് രാജ്യം ഒന്നാകെ ഉറ്റുനോക്കിയത്. എസ്പിയും ബിജെപിയും തമ്മിലാണ് അവിടെ മത്സരം നടന്നത്. കോണ്‍ഗ്രസ് കളത്തില്‍ പോലും ഇല്ലായിരുന്നു.
പ്രസിഡന്റാകാന്‍ ഇല്ലെന്ന് പറഞ്ഞിട്ട് പ്രസിഡന്റിന്റെ റോളില്‍ ചരട് വലിക്കുന്ന രാഹുല്‍ഗാന്ധിയുടെ നിലപാടുകള്‍ ഇരട്ടത്താപ്പാണ്. ഇത് ജനം അംഗീകരിക്കുന്നില്ലെന്ന് നേതൃത്വം തിരിച്ചറിയണം. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ല. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായിയെന്നും മുഖപത്രം വിമര്‍ശിക്കുന്നു.