എറണാകുളം ഡിസിസി ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് പതാക കത്തിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. എറണാകുളം മേഖല സെക്രട്ടറിയായ മാഹീനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
മാഹീനെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് പതാക കത്തിച്ചത്.
വിമാനത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ എറണാകുളം ഡിസിസിക്ക് മുമ്പില്‍ ഡി.വൈ.എഫ്.ഐ പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷം രാത്രി 12 മണിക്ക് ഡി.സി.സി ഓഫീന് മുമ്പിലുള്ള പതാക കത്തിച്ചു എന്നാണ് പരാതി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പരാതി നല്‍കിയത്.
അതേസമയം രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ചു പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി. നേരത്തെ കസ്റ്റഡിയിലായ ആറ് പേരെ റിമാന്‍ഡ് ചെയ്തു. അക്രമത്തെ തുടര്‍ന്ന് നടപടി തീരുമാനിക്കാന്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും.