നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാന്‍ഡുമായുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ നിര്‍ണയക ചര്‍ച്ചയ്ക്ക് ഇന്ന് ഡൽഹിയില്‍ തുടക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുമ്പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും ഡിസിസി പുനസംഘടനയിലും തീരുമാനമുണ്ടായേക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ചർച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്തെത്തും.
നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ഗൗരവമായ ചർച്ചകളിലേക്ക് കടക്കുകയാണ് കോൺഗ്രസ്. എംപിമാരും രണ്ട് തവണ തോറ്റവരും മത്സരിക്കേണ്ടെന്നതടക്കമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട് ഡിസിസി അദ്ധ്യക്ഷന്മാരെ മാറ്റുന്നതും ചര്‍ച്ചയാകും. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിലും തീരുമാനമുണ്ടാകുമെന്നാണ് വിവരം.
അതേസമയം ഡിസിസി പുനഃസംഘടനയില്‍ മാറ്റമില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍ സിപിഎമ്മും ബിജെപിയും മുന്നേറിയത് ജില്ലാ നേതൃത്വത്തിന്‍റെ പിടിപ്പുകേടു കൊണ്ടാണെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. മോശം പ്രകടനം നടത്തിയ ഡിസിസികളില്‍ അടിയന്തര അഴിച്ചുപണി വേണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന റിപ്പോര്‍ട്ട് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. “തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയാകും പുന:സംഘടന. എല്ലാ ഡിസിസികളുമില്ല. ചിലത് മാത്രം” എന്നാണ് താരിഖ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്.
ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് പുനഃസംഘടന പട്ടിക ഇന്ന് ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചയില്‍ മുല്ലപ്പള്ളി കൈമാറും. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഡിസിസി പുനഃസംഘനയോട് എ,ഐ ഗ്രൂപ്പുകള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റമുണ്ടായാല്‍ തിരിച്ചടിയായേക്കുമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ മുന്നറിയിപ്പ്.
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി അദ്ധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.