സർക്കാരിനെതിരായ പോരാട്ടത്തിനു പിറകെ എസ്എഫ്ഐയ്ക്ക് എതിരെ യുദ്ധത്തിനൊരുങ്ങി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽ നാടൻ. കേരള വർമ്മ കോളജിലെ തിരഞ്ഞെടുപ്പിൽ കേസിനിറങ്ങുന്ന കെ.എസ്.യുവിന് വേണ്ടി മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരാകും. ഹർജി തയാറാക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയോടെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചേക്കും.
തൃശൂർ കേരള വർമ്മ കോളേജ് തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചത് അടിമറിയിലൂടെയാണെന്ന കെ.എസ്.യു ആരോപണത്തിന് പിന്നാലെ നീതിയ്ക്കായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സംഘടന അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിനാണ് ആദ്യം വിജയിച്ചതായി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് എസ്എഫ്ഐ ആവശ്യപ്പെട്ടതനുസരിച്ച് റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്ക് ജയിച്ചെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Read more
ഇടത് അധ്യാപക സംഘടനയുടെ സഹായത്തോടെ കൗണ്ടിംഗ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു കോളേജിന് മുൻപിൽ പ്രക്ഷോപം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ തൃശൂർ കളക്ടറേറ്റിന് മുന്നിൽ നിരാഹാരം തുടരുകയാണ്. മന്ത്രി ആർ. ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.സുദർശൻ എന്നിവർ വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു.