കോണ്‍ഗ്രസ് മുക്തഭാരതം ചിലരുടെ സ്വപ്‌നം മാത്രം: താരിഖ് അന്‍വര്‍

കോണ്‍ഗ്രസ് മുക്തഭാരതം ചിലരുടെ സ്വപ്‌നം മാത്രമാണെന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ബിജെപി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ബിജെപി ഭരണത്തില്‍ ജനങ്ങള്‍ വലയുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഗ്രസ് മധ്യമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താരിഖ് അന്‍വര്‍.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വം ഉയര്‍ത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. അമ്പത് ലക്ഷത്തോളം പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ലക്ഷ്യമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചിരുന്നു. എഐസിസി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തിരുമാനം. സംസ്ഥാനത്ത് നിലവില്‍ 33 ലക്ഷം അംഗങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉള്ളത്.

Read more

അംഗത്വം കൂട്ടാനായി നേതാക്കള്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. പ്രവര്‍ത്തനത്തിനിറങ്ങാത്തവരെ പ്രത്യേകം ശ്രദ്ധിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എറണാകുളം ജില്ലയില്‍ അഞ്ച് ലക്ഷം, ഇടുക്കിയില്‍ 1.25 ലക്ഷം, കോട്ടയത്ത് രണ്ടുലക്ഷം, ആലപ്പുഴയില്‍ 2.25 ലക്ഷം അംഗങ്ങളേയും ചേര്‍ക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. 25 മുതല്‍ 31 വരെ അംഗത്വ വാരം നടക്കും. മാര്‍ച്ച് 30 സമ്പൂര്‍ണ്ണ മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരണ ദിനം.