കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കമാന്‍ഡ്. നാല് എം.പി മാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇത് സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് നിര്‍ദ്ദേശം നല്‍കി.
എം.പിമാരായ രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ രാഘവന്‍ എന്നിവര്‍ പരാതി ഉന്നയിച്ചതോടെയാണ് പുനഃസംഘടന നടപടികള്‍ തല്‍കാലത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ അറിയിച്ചിരിക്കുന്നത്. പുന:സംഘടന ചര്‍ച്ചകളില്‍ എം.പി മാരെ ഉള്‍പ്പെടുത്തുന്നില്ലെന്നും, കെ.പി സി.സി, ഡി.സി.സി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കാണെന്നുമാണ് എം.പിമാരുടെ ആരോപണം.
സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുന:സംഘടന വേണ്ടെന്ന നിലപാട് എ ഐ ഗ്രൂപ്പുകള്‍ മുന്നോട്ട് വച്ചതോടെ സുധാകരനും, ഗ്രൂപ്പ് നേതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പുനഃസംഘടനയായി മുന്നോട്ട് പോകുമെന്നാണ് സുധാകരന്‍ അറിയിച്ചത്. ഹൈക്കമാന്‍ഡ് അനുമതി ഉണ്ടെന്നായിരുന്നു സുധാകരന്റെ നിലപാട്. ഇതിന് പിന്നാലെയാണ് എം.പി മാര്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചത്.
ഡിസിസി ബ്ലോക്ക് തലത്തിലുള്ള പട്ടിക അന്തിമമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് ഹൈക്കമാന്‍ഡ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മില്‍ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത് സംബന്ധിച്ച് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് പട്ടിക പ്രഖ്യാപിക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ഹൈക്കമാന്‍ഡ് ഇടപെടല്‍.