യുഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്ന അഭിപ്രായം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജെ ജോസഫ്. കോണ്‍ഗ്രസ് അവരുടെ അഭിപ്രായമാണ് പറഞ്ഞത്. യുഡിഎഫ് വിട്ടുപോയവരെയല്ല ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെ കുറിച്ച് അറിയില്ല. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ അതൃപ്തര്‍ ആണോ എന്ന കാര്യം അറിയില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്നു കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവരുടെ പേര് പരാമര്‍ശിക്കാതെയാണ് ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നത്. യുഡിഎഫിലേക്ക് തിരിച്ച് പോകേണ്ട സാഹചര്യമില്ലെന്നാണ് ഇരുകൂട്ടരുടെയും നിലപാട്.
ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണ്. അതില്‍ ഊന്നി പ്രചാരണം വേണം. ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നു കയറാന്‍ ഉള്ള ബിജെപി ശ്രമത്തിന് തടയിടണണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.