തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലെ വീഴ്ചയുടെ പേരില്‍ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടിവരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഇക്കാര്യം സ്ഥിരീകരിച്ചു. ഘടകകക്ഷികളുടേത് ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായും സുധാകരന്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി 97 നേതാക്കള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രചാരണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തിന് വിധേയരായവരാണ് ഇവര്‍. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന ആരോപണത്തിന് ഇരയായ 58 നേതാക്കള്‍ക്കെതിരെ ലഭിച്ച പരാതികള്‍ പ്രത്യേകം പരിശോധിക്കും.
ഘടകകക്ഷികള്‍ മത്സരിച്ച ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കായംകുളം, അടൂര്‍, പീരുമേട്, തൃശ്ശൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് തോല്‍വികള്‍ കൂടുതല്‍ വിശദമായി വിലയിരുത്തും. മുന്‍ എം.എല്‍.എമാരായ കെ. മോഹന്‍കുമാര്‍, പി.ജെ. ജോയി എന്നിവരേയും മുന്‍ എം.പി കെ.പി. ധനപാലനേയും ഇതിലേക്കായി ചുമതലപ്പെടുത്തി. സമിതിയുടെ കണ്ടെത്തലുകള്‍ക്ക് പരിശോധിച്ച് കുറ്റക്കാരായ നേതാക്കള്‍ക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടി കൈക്കൊള്ളാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്.