തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെയാണ് കൂപ്പൺ പിരിവ് നടത്തി തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താൻ കോൺഗ്രസ് നിർബന്ധിതരായത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ പ്രതിസന്ധിയിലാകുന്നുവെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും എഐസിസി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നീക്കം. ഇതിനായി കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. സാധാരണഗതിയിൽ മൂന്നു ഘട്ടമായി ഹൈക്കമാൻ്റ് സ്ഥാനാർത്ഥികൾക്ക് സഹായം നൽകിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ പര്യടനം എന്നിവയ്ക്ക് വേണ്ടിയായിരുന്നു പണം നൽകിയിരുന്നത്.
എന്നാൽ ഇത്തവണ ഇതുവരെയും ആദ്യഘട്ട പണം പോലും ലഭിച്ചിട്ടില്ല. ദേശീയ നേതൃത്വം സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ചതോടെയാണ് കെപിസിസി സ്വന്തം വഴി തേടുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പിരിവ് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടെങ്കിലും, മറ്റു മാർഗങ്ങളില്ല എന്നാണ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടു കയറുന്നതിനൊപ്പം പണപ്പിരിവ് കൂടി നടത്താം എന്നതാണ് നിലവിലെ തീരുമാനം.