പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ മാധ്യമ പ്രവര്‍ത്തകനായ സഹിന്‍ ആന്റണിയെ ചോദ്യം ചെയ്തു. നേരത്തെ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിനിരയായവര്‍ സഹിന്‍ ആന്റണിയുടെ തട്ടിപ്പിന് കൂട്ടുനിന്നതായി പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മോന്‍സന്റെ തട്ടിപ്പ് കേസില്‍ ഇടപെടുത്താനായി ഇടനിലക്കാരനായത് സഹിന്‍ ആന്റണിയാണെന്ന് നേരത്തെ പരാതിക്കാര്‍ പറഞ്ഞിരുന്നു. കൊച്ചി എസിപി ലാല്‍ജി അടക്കമുള്ള ഉദ്യോഗസ്ഥരെ മോന്‍സന്റെ വീട്ടിലെത്തിച്ച്ത് സഹിന്‍ ആണെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യാജരേഖ വിവാദത്തിലും സഹിനെതിരെ പരാതിയുണ്ട്. ശബരിമല ഈഴവര്‍ക്കും, മലയരയര്‍ക്കും അവകാശപ്പെട്ടതെന്ന ചെമ്പോല തിട്ടൂരം എന്ന തരത്തില്‍ വ്യാജരേഖ ഉയര്‍ത്തിക്കാട്ടി സഹിന്‍ ട്വന്റി ഫോര്‍ ചാനലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ചെമ്പോല പുരാവസ്തു അല്ലെന്നും വ്യാജമെന്നും പിന്നീട് തെളിയുകയായിരുന്നു. വിവാദ വ്യവസായി മോന്‍സന്‍ മാവുങ്കലിനെ കുറിച്ച് 2018ല്‍ സഹിന്‍ നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ചാനലിലും വാര്‍ത്ത ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ മോന്‍സന്റെ കൈയിലുണ്ടായിരുന്ന വ്യാജരേഖ ഉയര്‍ത്തിക്കാട്ടി വാര്‍ത്ത നല്‍കിയത്.
പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിയെന്ന പരാതിയെ തുടര്‍ന്ന് മോന്‍സന്റെ അറസ്‌റ്റോടെയാണ് ചെമ്പോല വ്യാജമെന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഈ ചെമ്പോല വ്യാജമെന്ന് പറഞ്ഞിരുന്നു. ചെമ്പോല തിട്ടൂരത്തില്‍ ഹിന്ദു സംഘടനകള്‍ നിലപാട് കടുപ്പിച്ചതോടെ ചാനല്‍ മാനേജ്‌മെന്റ് സഹിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.