ദിലീപിന് എതിരെയുള്ള വധഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ചിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കി ഐടി വിദഗ്ധന്‍. കേസുമായി ബന്ധപ്പെട്ട സൈബര്‍ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ ദിലീപിനും അഡ്വ. ബി രാമന്‍പിള്ളയ്ക്കും എതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ സായ് ശങ്കറാണ് ഹൈക്കോടതിയെ സമീപിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകനാണ് അഡ്വ. ബി. രാമന്‍പിള്ള. ഐടി വിദഗ്ധന്റെ ഹര്‍ജി പരിഗണിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ജിക്കാരനെ വിളിച്ച് വരുത്തരുത്തി ചോദ്യം ചെയ്യരുത് എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത മാസം ഹര്‍ജി വീണ്ടും പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന നിര്‍ണായക വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടു എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. 12ഫോണുകളിലേക്കുള്ള വാട്സപ്പ് ചാറ്റ് വിവരങ്ങള്‍ പ്രതികള്‍ നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്.
തെളിവ് നശിപ്പിക്കുന്നതിന് പ്രതികള്‍ സായ് ശങ്കറിന്റെ സഹായം തേടിയതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ വിളിപ്പിച്ചത്.