മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെയും ഷാജ് കിരണിനെയും ഇന്ന് ചോദ്യം ചെയ്യും. സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുക. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍.
കേസില്‍ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സ്വപ്‌നയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇ ഡി യുടെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സ്വപ്‌ന ഹാജരായിരുന്നില്ല. അതേസമയം ഗൂഢാലോചനാകേസില്‍ സ്വപ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും.
ഗൂഢാലോചന കേസില്‍ ഷാജ് കിരണിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കഴിഞ്ഞ ദിവസം ഷാജ് കിരണിന് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ ഡി ഓഫീസ് എത്താനാണ് നിര്‍ദ്ദേശം.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്മാറാന്‍ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയെന്നാണ് ഷാജി കിരണ്‍ പ്രതികരിച്ചത്. അതേസമയം തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.