വധഗൂഢാലോചന കേസില് ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതിചേര്‍ക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വിഐപി ശരത്ത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസില്‍ ആറാം പ്രതിയായാണ് ഇയാളെ ഉള്‍പ്പെടുത്തുക.
വധഗൂഢാലോചന കേസില്‍ ശരത്തിനെ ഇന്നും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ ഓഫീസില്‍ വച്ച്് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശരത്തിനെ പ്രതിചേര്‍ക്കാനുള്ള തീരുമാനം.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ഒരു വിഐപി ആണെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടിരുന്നു. അതിനു താന്‍ ദൃക്‌സാക്ഷിയാണെന്നും വിഐപി സുഹൃത്ത് ശരത്താണെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആറ് മണിക്കൂറാണ് അന്വേഷണ സംഘം ശരത്തിനെ ചോദ്യം ചെയ്തത്. ദിലീപുമായി സുഹൃത്ത് ബന്ധം മാത്രമാണെന്നാണ് ശരത്ത് മൊഴി നല്‍കിയത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇന്ന് ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഒന്നിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും.
ഇന്നലെ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും മൂന്ന് മണിക്കൂറോളം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാര്‍ കൈമാറിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് ആവര്‍ത്തിച്ചു. ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. അതേ സമയം വധഗൂഢാലോചന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.