ആത്മകഥ വിവാദത്തിൽ പ്രാഥമിക അന്വേഷണം, കേസെടുക്കില്ല; ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും

സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. ആത്മകഥ വിവാദത്തിൽ ഇപി ജയരാജൻ നൽകിയ പരാതിയിലാണ് അന്വേഷണം. ഇ പി ജയരാജന്റെ പരാതിയിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് പ്രാഥമിക അന്വേഷണം നടത്തുക. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. അതേസമയം ഡിസി ബുക്‌സ് ഉൾപ്പെടെ ആരെയും പരാതിയിൽ കുറ്റപ്പെടുത്തിയിരുന്നില്ല. വിവാദത്തിൽ ഗൂഢാലോചന ഇ പിയുടെ ആരോപിച്ചാണ് പരാതി.

ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് ഇപി ജയരാജൻ രംഗത്തെത്തിയിരുന്നു. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും ഇ പി കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇ പി പറഞ്ഞിരുന്നു.

അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പുറത്ത് വന്നതെന്നും ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.

ആര്‍ക്കും പ്രസിദ്ധീകരണത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ഈ പറയുന്നത് മുഴുവന്‍ അസംബന്ധമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പുറത്ത് വരുന്ന കാര്യങ്ങള്‍ പുസ്തകത്തിലെഴുതിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്നാണ് ഇ പി ജയരാജൻ ആരോപിക്കുന്നത്.

‘കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ആത്മകഥയുടെ ഭാഗങ്ങളാണ് പുറത്ത് വന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസ്സിലാക്കിയില്ലെന്നും പുസ്തകത്തിൽ പറയുന്നു. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്ത് വന്നത്. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ മറ്റൊരു വിമർശനം. പി സരിൻ അവസരവാദിയാണെന്നും വിമർശനമുണ്ട്.