കേരളത്തിലെ എന്‍ഡിഎയിലെ ഒരു ഘടകകക്ഷി കോടികളുടെ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. ലോകസഭയിലേക്ക് സീറ്റ് താരമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും പി.സി.
ജോര്‍ജ് ആരോപിച്ചു.
സീറ്റ് കച്ചവടത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിയാം. ഘടകകക്ഷിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപി സീറ്റ് കച്ചവടം ചെയ്യുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.
കോട്ടയത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ല എന്നത് സത്യമാണ്. കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. അതിന് താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കൊപ്പം ഒട്ടിനില്‍ക്കുന്ന കക്ഷിയാണ് ബിഡിജെഎസ്. ഇത്തരം കക്ഷികളുടെ എല്ലാ പരിപാടിക്കും പോകാന്‍ പറ്റുമോ എന്നും പി.സി. ജോര്‍ജ് ചോദിച്ചു.
തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് പാര്‍ട്ടിക്കെതിരെയാണ് പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നാലു സീറ്റുകള്‍ ബിജെപി നല്‍കിയിട്ടുണ്ട്. ഇതില്‍ ഇടുക്കി സീറ്റ് സംബന്ധിച്ചാണ് പിസി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.