കോഴിക്കോട് ആവിക്കലില്‍ മലിനജല പ്ലാന്റ് നിര്‍മ്മാണത്തിന് എതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്ലാന്റിന്റെ പണി ആരംഭിക്കുന്നതിനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തിയതോടെ നാട്ടുകാരം സംഘടിച്ചെത്തുകയായിരുന്നു.
പ്ലാന്റ് നിര്‍മ്മാണത്തിന് എതിരെ ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പ്രദേശത്ത് ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാര്‍ പൊലീസ് സ്റ്റേഷന് ഉള്ളിലും പ്രതിഷേധിക്കുകയാണ്.
അതേസമയം പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. പൊലീസുകാര്‍ ആക്രമിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more
മേയര്‍ ഭവനിലേക്കും പ്രദേശവാസികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മലിനജല പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.