'ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നത്'; എം. സ്വരാജിന് മറുപടിയുമായി വി.ടി ബല്‍റാം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ മൂന്നാം ദിനം പിന്നിടുമ്പോള്‍ യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി വി.ടി ബല്‍റാം. ‘കണ്ടെയ്നര്‍ ജാഥ’ ആര്‍ക്കെതിരെയാണെന്ന സ്വരാജിന്റെ പരിഹാസത്തിന് ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാം മറുപടി നല്‍കിയത്.

‘പൊള്ളുന്ന വെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികളടക്കം നിരവധി പ്രവാസി മലയാളികള്‍ ഗള്‍ഫിലെ പല ലേബര്‍ ക്യാമ്പുകളിലും കഴിയുന്നത് കണ്ടെയ്‌നര്‍ ഹോമുകളിലാണ്. ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നതെന്ന് ”തൊഴിലാളി വര്‍ഗ”പാര്‍ട്ടിയുടെ പുതുതലമുറ നേതാക്കള്‍ക്ക് ആരെങ്കിലുമൊരു സ്റ്റഡി ക്ലാസ് നല്‍കുന്നത് നന്നായിരിക്കും.’ എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഭാരത് ജോഡോ യാത്രയില്‍ രാത്രി ഉറക്കത്തിന് സജ്ജമാക്കിയ കണ്ടെയ്‌നറുകളെ പരിഹസിച്ചു കൊണ്ട് ‘കണ്ടെയ്നര്‍ ജാഥ’ ആര്‍ക്കെതിരെയാണെന്ന് സ്വരാജ് ചോദിച്ചിരുന്നു. കൂടാതെ ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തിരഞ്ഞുപിടിച്ചുകൊണ്ടാണെന്നും സ്വരാജ് പരിഹസിച്ചിരുന്നു.

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം മണിയും രംഗത്ത് വന്നിരുന്നു. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്നാണ് മണിയുടെ പരിഹാസം. ജോഡോ യാത്ര കടന്നു പോകുന്ന മാപ്പ് പങ്കുവെച്ചായിരുന്നു മണിയുടെ പരിഹാസം.

‘വെറുതെ തെറ്റിധരിക്കേണ്ട. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട ജി യ്ക്ക് ഏതോ LKG പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ. അല്ലാതെ BJP യെ പേടിച്ചിട്ടല്ല കേട്ടോ.’ ജോഡോ യാത്ര കടന്നു പോകുന്ന മാപ്പിനൊപ്പം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.