പി.ടി തോമസിന്റെ മണ്ഡലമായ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്ന് ഭാര്യ ഉമ. സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നും അതിലേക്ക് താൻ എത്തിയിട്ടില്ലെന്നും ഉമ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിലപാട് സ്വീകരിച്ചതിന്റെ പേരിലുണ്ടായിരുന്ന പ്രതിഷേധങ്ങൾ പി.ടിയെ വളരെ ഏറെ വേദനിപ്പിച്ചിരുന്നു. പി.ടിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഇടുക്കി. അവിടെ ഉണ്ടായിരുന്ന പ്രതിഷേധങ്ങൾ പി.ടിയെ വളരെ ഏറെ വിഷമിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ സമയത്ത് ആളുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഇക്കാര്യത്തിൽ പി.ടിയ്ക്ക് വിഷമം ഉണ്ടായിരുന്നെന്നും ഉമ പഞ്ഞു.
രാഷ്ട്രീയത്തിനപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് പി.ടിയോട് വാത്സല്യമുണ്ടായിരുന്നുവെന്നും ഉമ പറയുന്നു. വ്യക്തികളോട് ഒരിക്കലും പി.ടിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നില്ല. സ്പീക്കർ, രമേശ് ചെന്നിത്തല, കെസി ജോസഫ് തുടങ്ങിയവരൊക്കെ വളരെ ഏറെ സഹായിച്ചു. എല്ലാരും ഒന്നിച്ച് നിന്നാണ് സഹായം ചെയ്ത് തന്നത്. വിലകൂടിയ മരുന്നുകൾ എത്തിക്കാൻ എല്ലാവരും ഇടപെടുകയും നിരന്തരം വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തുവെന്ന് ഉമ വ്യക്തമാക്കി.