നവകേരള സദസിന് തുടര്‍ച്ച; ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരുമെന്നു മുഖ്യമന്ത്രി; ആദ്യ ഘട്ടത്തില്‍ 10 കേന്ദ്രങ്ങളില്‍ മുഖാമുഖ പരിപാടി

കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഉണ്ട് എന്ന ജനങ്ങളുടെ പ്രഖ്യാപനമായി നവകേരള സദസ് മാറിയെന്നും ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേര്‍ക്കും. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍ / വയോജനങ്ങള്‍, തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളില്‍ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും.

വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖത്തില്‍ എല്ലാ സര്‍വകലാശാലകളില്‍ നിന്നും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകളില്‍ നിന്നും ഉള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ ഭാഗമാകും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം കൈവരിച്ച കാലമാണിത്. എങ്കിലും നിരവധി മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടാകും. ജ്ഞാനമേഖലയില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയുടെ ഭാഗമാകും. അക്കാദമിക് രംഗത്തും പ്രൊഫഷണല്‍ രംഗത്തും കല, സാംസ്‌കാരിക, സിനിമാ രംഗത്തും പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ മുഖാമുഖത്തിനായി എത്തിച്ചേരും. യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ചകള്‍ക്ക് വിഷയമാകും. യുവജനക്ഷേമേത്തിലും തൊഴില്‍ മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താന്‍ വേണ്ട ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ള അവസരം ഒരുങ്ങും.

വനിതകളുമായുള്ള മുഖാമുഖം പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡന്റുമാര്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി, സാന്ത്വനപരിചരണം, വനിതാ കര്‍ഷകര്‍, വനിതാ അഭിഭാഷകര്‍, ഐടി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കും. വനിതാക്ഷേമവും സുരക്ഷയും സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാന പരിഗണനകളില്‍ ഒന്നാണ്. ആ മേഖലകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചിട്ടുമുണ്ട്. അവയെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താനുള്ള ആശയങ്ങള്‍ ഈ മുഖാമുഖ വേദിയില്‍ പങ്കുവയ്ക്കപ്പെടും.

ആദിവാസി ദളിത് വിഭാഗങ്ങള്‍, ഭിന്നശേഷി, വയോജന പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖ പരിപാടിയിലും മികച്ച പങ്കാളിത്തം ഉറപ്പു വരുത്തും. അതാത് മേഖലകളിലുണ്ടാകേണ്ട മാറ്റങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഈ മുഖാമുഖങ്ങളില്‍ അവസരമൊരുങ്ങും. സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ സംഗീത, നാടക, ലളിതകല, സാഹിത്യ, കലാമണ്ഡലം, സിനിമ, നാടന്‍കല എന്നീ മേഖലകളില്‍ നിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. കേരളത്തിന്റെ മതമൈത്രിയ്ക്കും സാഹോദര്യത്തിനും ശാസ്ത്രബോധത്തിനും മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ സാംസ്‌കാരിക മേഖലയെ പരിപോഷിക്കാനുള്ള സാധ്യതകളും കലാകാരന്മാരുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള ആശയങ്ങളുമെല്ലാം സംവാദത്തിന്റെ ഭാഗമാകും.

പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായുള്ള മുഖാമുഖം പുനരുജ്ജീവന മാര്‍ഗങ്ങള്‍ ആരായും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയും കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും ക്ഷേമവും ചര്‍ച്ചയുടെ പ്രധാന വിഷയങ്ങള്‍ ആകും. തൊഴില്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായി ആധുനിക തൊഴില്‍ മേഖലയിലേയ്ക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ യുവത്വത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ കഴിയുന്ന ആശയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ജ്ഞാനസമ്പദ് വ്യവസ്ഥയായി കേരളത്തെ വളര്‍ത്തിയെടുക്കാനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് ഈ പരിപാടി. ലോകത്തെ തന്നെ മികച്ച തൊഴില്‍ മേഖലകളിലേയ്ക്ക് കടന്നു ചെല്ലാനും അവയ്ക്ക് തത്തുല്യമായത് ഇവിടെ പടുത്തുയര്‍ത്താനുമാണ് നാം ശ്രമിക്കുന്നത്. അതിന് ഈ പരിപാടി ഊര്‍ജ്ജം പകരും. ഈ വിധം നാടിന്റെ വിവിധ മേഖലകളെ ആഴത്തില്‍ സ്പര്‍ശിക്കുകയും പുതിയ വെളിച്ചം വീശുകയും ചെയ്യുന്ന പരിപാടിയായി ഈ മുഖാമുഖങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ. നവകേരള സദസ്സിനു നല്‍കിയ പിന്തുണയും പങ്കാളിത്തവും ഈ പരിപാടിയിലും ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെബ്രുവരി 18ന് കോഴിക്കോട് (വിദ്യാര്‍ത്ഥിസംഗമം), 20ന് – തിരുവനന്തപുരം (യുവജനങ്ങള്‍), 22ന് – എറണാകുളം (സ്ത്രീകള്‍), 24 – കണ്ണൂര്‍ (ആദിവാസികളും ദളിത് വിഭാഗങ്ങളും), 25 – തൃശൂര്‍ (സാംസ്‌കാരികം), 26 – തിരുവനന്തപുരം (ഭിന്നശേഷിക്കാര്‍), 27 – തിരുവനന്തപുരം (പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍), 29 – കൊല്ലം (തൊഴില്‍മേഖല), മാര്‍ച്ച് 02 – ആലപ്പുഴ (കാര്‍ഷികമേഖല), 03 – (എറണാകുളം റസിഡന്‍സ് അസോസിയേഷനുകള്‍) എന്നിങ്ങനെയാണു നിശ്ചയിച്ചിട്ടുള്ള പരിപാടികള്‍.

ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്ന അനുഭവമായിരുന്നു നവംബര്‍ 18 ആരംഭിച്ച് ഡിസംബര്‍ 23നു സമാപിച്ച നവകേരള സദസെന്നു സംഘാടകരുടെ പ്രതീക്ഷകളെപ്പോലും അപ്രസക്തമാക്കി വലിയ ജനാവലിയാണ് ഓരോ വേദിയിലും പങ്കാളികളായതെന്നു മുഖ്യമന്ത്രി പറഞ്ഞു. ആകെ 138 വേദികളില്‍ ജനകീയ സമ്മേളനങ്ങള്‍ നടന്നു. മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്താകെ സഞ്ചരിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാനില്ല.

കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഉണ്ട് എന്ന പ്രഖ്യാപനമായി നവകേരള സദസ്. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അവയെ അതിജീവിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന ക്ഷേമ പദ്ധതികളും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് ഉദ്ദേശിച്ച ഒരു കാര്യം. അതോടൊപ്പം ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പുതിയ മാര്‍ഗം തുറക്കുക എന്നതാണ് ലക്ഷ്യം. താലൂക്ക് തല അദാലത്തുകളില്‍ ആരംഭിച്ച്, മേഖലാ തല യോഗങ്ങളും തീരദേശ, വന സൗഹൃദ സദസുകളും അടക്കം വലിയൊരു പ്രക്രിയയുടെ തുടര്‍ച്ചയായാണ് മന്ത്രിസഭയുടെ സംസ്ഥാന പര്യടനം നടത്തിയത്.

നവകേരള സദസ്സില്‍ 6,42,076 നിവേദനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില പരാതികള്‍ ഒന്നിലധികം വകുപ്പുമായി ബന്ധപ്പെട്ടവയാണ്. ഇവ അതത് വകുപ്പുകള്‍ക്ക് നടപടിക്കായി പ്രത്യേകം പ്രത്യേകം നല്‍കുമ്പോള്‍ നടപടിയെടുക്കേണ്ട വിഷയങ്ങളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് വരും. നിവേദനങ്ങള്‍ വകുപ്പുതലത്തില്‍ തരംതിരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിവരികയാണ്. പൊതു സ്വഭാവമുള്ള പരാതികള്‍ തരംതിരിച്ച് അതില്‍ പൊതു തീരുമാനം കൈക്കൊള്ളുന്നതാണ്. നിലവിലുള്ള ചട്ടങ്ങളിലോ ഉത്തരവുകളിലോ മാറ്റങ്ങള്‍ അനിവാര്യമാണെങ്കില്‍ അക്കാര്യവും പരിഗണിക്കും.

നവകേരള സദസിലെ പ്രഭാത യോഗങ്ങളില്‍ സാമൂഹ്യരംഗത്തെ പ്രധാന വ്യക്തികള്‍, കലാസാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, നിയമജ്ഞര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍, അറിയപ്പെടുന്ന മഹിളാ പ്രതിനിധികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍, വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ എന്നിങ്ങനെ ഇരുന്നൂറോളം പേര്‍ ഓരോ ദിവസവും പങ്കെടുത്തു. നേരിട്ട് സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് അഭിപ്രായങ്ങള്‍ എഴുതി നല്‍കാനുള്ള അവസരവും നല്‍കി. ഇവയാകെ പരിശോധിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്. ലഭിച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങള്‍ നടത്തി. വ്യത്യസ്ത വകുപ്പുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥ യോഗങ്ങളാണ് വിളിച്ചത്. വന്ന നിര്‍ദേശങ്ങള്‍ പ്രത്യേകമായി പരിശോധിച്ചു. സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം