പാലിയേക്കര ടോള്‍ പ്ലാസയിലെ സൗജന്യ യാത്ര പാസില്‍ നിയന്ത്രണം; എം.എല്‍.എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം

പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ യാത്ര പാസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തം. പുതുക്കാട് എം.എല്‍.എ കെ.കെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് പ്രതിഷേധക്കാര്‍.

ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ചുറ്റളവില്‍ താമസിക്കുന്ന ആറ് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാണ് ചട്ടം. ആറ് മാസം കൂടുമ്പോള്‍ സൗജന്യ യാത്ര പാസ് പുതുക്കി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കരാര്‍ കമ്പനിയുടെ പുതുക്കിയ നിയമ പ്രകാരം ഒരു വീട്ടില്‍ ഒരു വാഹനത്തിന് മാത്രമായിരിക്കും സൗജന്യ പാസ് അനുവദിക്കുക. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. കമ്പനിയുടെ നിലപാടിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

എം.എല്‍.എ യും ജനപ്രതിനിധികളുമടക്കമാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് ബൈജു, ഇ.കെ അനൂപ് എന്നിവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.