Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ന്യൂനമര്‍ദ്ദം: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; കേരളാതീരത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം

, 5:26 pm

ന്യൂനമര്‍ദ്ദം തീരത്ത് അടുക്കുന്നതോടെ കേരളത്തില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴ,എറണാകുളം എന്നീ ജില്ലകളിലാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. ആലപ്പുഴയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു.കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ വിന്യസിച്ചു.

അടിയന്തര സാഹചര്യം നേരിടാന്‍ കേരളാ തീരത്ത് നാല് കപ്പലുകളെ വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടുമെന്ന് ദക്ഷിണ നാവിക കമാന്‍ഡ് അറിയിച്ചു. ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുളള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ ദൂരത്തായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദപാത്തി . മറ്റന്നാള്‍ വരെ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി തീരദേശത്ത് ബോട്ടുകള്‍ കരയ്ക്ക് അടുപ്പിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്രന്യൂനമര്‍ദ്ദം രൂപപെട്ടിരിക്കുന്നതെന്നും അടിയന്തരമായി ഇപ്പോഴത്തെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീലങ്കന്‍ തീരത്തുണ്ടായ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് മാലിദ്വീപിന് അടുത്തേക്ക് എത്തുന്നുവാണ് കാലാവസ്ഥാ നീരീക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ കടലില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തീരദേശപ്രദേശങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയ്യാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പോര്‍ട്ടുകളിലും ഹാര്‍ബറുകളിലും സിഗ്നല്‍ നമ്പര്‍ 3 ഉയര്‍ത്തുക, കെഎസ്ഇബിയുടെ കാര്യാലയങ്ങള്‍ അടിയന്തിരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരുക്കുക, തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്

Advertisement