എഡിജിപിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കൾ ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് വി മുരളീധരന്‍. ബിജെപി നേതാക്കള്‍ മറുപടി പറയേണ്ടതില്ലെന്നും എം ആര്‍ അജിത് കുമാര്‍ എന്തിനാണ് പോയതെന്നതില്‍ മുഖ്യമന്ത്രിയാണ് ആദ്യം ഉത്തരം പറയേണ്ടതെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി അയച്ച ദൂതനാണോ അജിത് കുമാര്‍ എന്നും വി മുരളീധരന്‍ ചോദിച്ചു.
പൂരം കലക്കിയാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്ന് വിജയിച്ചത് എന്ന് ആരോപിക്കുന്ന പ്രതിപക്ഷം മണ്ഡലത്തിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു. ഇങ്ങനെ ആരോപിക്കുന്നതിലൂടെ വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂര്‍ ജനതയെ അവഹേളിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പേടിച്ചോടുകയായിരുന്നു. സുനില്‍ കുമാര്‍ സ്വന്തം പഞ്ചായത്തില്‍ പോലും ലീഡ് ചെയ്തില്ല. 620 ഇടങ്ങില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായെന്നും വി മുരളീധരന്‍ പറഞ്ഞു.
2006 ലെ പറവൂരിലെ പരിപാടിയില്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിച്ചയാളാണ് വി ഡി സതീശന്‍. 2013 ല്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും വി ഡി സതീശന്‍ പങ്കെടുത്തുവെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ വി സതീശന് ആര്‍എസ്എസ് നേതാക്കളെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാറില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടിലാണ് താമസിക്കാറെന്നും മുരളീധരന്‍ പറഞ്ഞു.