തലസ്ഥാന നഗരിയിലെ ഫ്‌ളാറ്റുകളില്‍ സദാര പൊലീസ് ചമഞ്ഞ് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്‍. അവിവാഹിതര്‍ ഒഴിയണം, എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുത് തുടങ്ങിയ വിവാദ നിര്‍ദേശങ്ങളുമായി പട്ടത്തെ ഹീര ട്വിന്‍സ് ഓണേഴ്സ് അസോസിയേഷനാണ് രംഗത്തെത്തിയിരിക്കുന്നത്. ഹീര ട്വിന്‍സില്‍ ആകെ 22 ഫ്‌ളാറ്റുകളാണ് ഉള്ളത്. ഇതില്‍ ആറു ഫ്‌ളാറ്റുകളില്‍ താമസിക്കുന്നത് പരീക്ഷയ്ക്കും പഠനത്തിനുമായെത്തിയ വിദ്യാര്‍ത്ഥികളാണ്. ഇവരെ പുറത്താക്കാനാണ് ഇത്തരമൊരു നിര്‍ദേശം അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഫ്‌ളാറ്റുകളില്‍ ഇതുവരെ ഒരു പ്രശ്നം ഇവിടെ ഉണ്ടായിട്ടില്ലെന്നും. ഒരു ചെറിയ പ്രശ്നത്തിന്റെ പേരില്‍ പോലും ഒരു പൊലീസുകാരന്‍ പോലും ഇവിടേക്ക് വരേണ്ടി വന്നിട്ടില്ലെന്നും ട്വിന്‍സില്‍ താമസിക്കുന്ന അവിവാഹിതര്‍ പറയുന്നു. തങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയ ഉടമ ഫ്‌ളാറ്റ് ഒഴിയാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഫ്‌ളാറ്റ് താഴെ ഇത്തരത്തില്‍ ഒരു നോട്ടീസ് പതിച്ചതിലും എന്ന് ഒഴിയേണ്ടിവരുമെന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവിവാഹിതര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഫ്‌ളാറ്റിനകത്ത് എതിര്‍ലിംഗക്കാര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഫ്‌ളാറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്. ഓഫീസിന് സമീപത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേകസ്ഥലത്ത് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഫ്‌ളാറ്റ്‌ലെ താമസക്കാരുമായി സംസാരിക്കാന്‍ അനുവദിച്ചിരിക്കുന്നത്.ഹീര ട്വിന്‍സ് ഫ്‌ളാറ്റ് കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ വേണ്ടിയുള്ളതാണ്. അല്ലാത്ത താമസക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിയണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.