ദുരന്തം ഉണ്ടാകുന്നതിന് 16 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകി ഹ്യൂം സെന്റർ! മുന്നറിയിപ്പുകളെ ചൊല്ലിയുള്ള തർക്കങ്ങളും സർക്കാരിന്റെ വീഴ്ചകളും ചർച്ചയാകുന്നു

കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായി മാറിയ ചൂരൽമലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനങ്ങളും ശക്തമാവുകയാണ്. ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രാദേശിക പഠന കേന്ദ്രവും കേന്ദ്രസർക്കാരും പറയുകയും നിലവിലുള്ള സർക്കാർ സംവിധാനത്തിന്റെ പാളിച്ചകൾ വിമർശകർ തുറന്നു കാട്ടുകയും ചെയ്യുമ്പോൾ പ്രതിക്കൂട്ടിലാവുകയാണ് പിണറായി സർക്കാർ. ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് 16 മണിക്കൂർ മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് പരിസ്ഥിതി പഠന കേന്ദ്രമായ ഹ്യൂം സെൻ്റർ വെളിപ്പെടുത്തിയത്.

കൽപ്പറ്റ ടൗൺ ആസ്ഥാനമായുള്ള പ്രവർത്തിക്കുന്ന മഴ അളക്കാൻ സംവിധാനമുള്ള സ്ഥാപനം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി പറയുന്നു. ജില്ലയിൽ കൂടുതൽ ഉരുൾപൊട്ടലുണ്ടാകുമെന്ന മുന്നറിയിപ്പും ഹ്യൂം സെൻ്റർ നൽകിയിട്ടുണ്ട്. ‘വയനാട്ടിൽ മഴയളക്കാനുള്ള സംവിധാനം ഞങ്ങൾക്കുണ്ട്. ഇതിനായി 200 വെതർ സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മുണ്ടക്കൈ സമീപത്തുള്ള പുത്തുമല സ്റ്റേഷനിൽ ഞായറാഴ്‌ച രാവിലെ 200 എംഎം മഴയാണ് ലഭിച്ചത്. അന്ന് രാത്രി 130 എംഎം മഴയും ലഭിച്ചു. 600 എംഎം മഴ പെയ്താൽ ഉരുൾപ്പൊട്ടലിനുള്ള സാധ്യതയുണ്ട്. തുടർന്ന് ഇനിയും മഴ പെയ്യുകയാണെങ്കിൽ ഉരുൾ പൊട്ടലിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയത്’- ഹ്യൂം സെൻ്റർ ഡയറക്‌ടർ സികെ വിഷ്ണുദാസ് പറഞ്ഞു.

പിന്നീട് 48 മണിക്കൂറിനുള്ളിൽ പ്രദേശത്ത് 572എംഎം മഴ പെയ്യുകയും ഉരുൾപൊട്ടൽ ഉണ്ടാവുകയും ആയിരുന്നു. ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അവർ അതിൽ എന്ത് നടപടിയാണ് എടുത്തതെന്ന് അറിയില്ലെന്നും വിഷ്ണുദാസ് പറയുന്നു. ഈ വിവരങ്ങൾ ഭരണകൂടം അവഗണിച്ചുവെന്ന് വിശ്വസിക്കുന്നില്ല, എന്നാൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ കഴിയുമായിരുന്നുവെന്നും വിഷ്ണുദാസ് കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലും, തങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത്, മുന്നറിയിപ്പുകൾ ആളുകളെ അറിയിച്ചിരുന്നു, മണ്ണിടിച്ചിലിന് മുമ്പ് ചൂരൽമല സ്‌കൂളിന് മുകളിലുള്ള പ്രദേശങ്ങളിലെ കുറച്ച് ആളുകളെ ഒഴിപ്പിച്ചു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും സ്കൂളിന് താഴെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും വിഷ്ണുദാസ് പറഞ്ഞു.

2020ൽ മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടാകുമെന്ന തങ്ങളുടെ മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചുരിന്നു. അന്ന് മുന്നറിയിപ്പിന് പിന്നാലെ ഉരുൾപൊട്ടൽ ഉണ്ടായി എന്നാൽ ദുരന്തം ഒഴിവായി എന്നും വിഷ്ണുദാസ് പറയുന്നു. കഴിഞ്ഞ നാല് വർഷമായി തങ്ങൾ മഴയുമായി ബന്ധപ്പെട്ട കണക്കുകൾ നൽകുന്നുണ്ടെന്നും വിഷ്ണുദാസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ കണക്കനുസരിച്ച്, ജില്ലയിലെ ഒന്നിലധികം പ്രദേശങ്ങൾ – ലക്കിടി, കാപ്പിക്കളം, സുഗന്ധഗിരി, തൊണ്ടർനാട്, കുറുമ്പാലക്കോട്ട, മാണിക്കുന്നുമല – കനത്ത മഴ തുടർന്നാൽ ഉരുൾപൊട്ടൽ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളാണ്.

പ്രാദേശിക കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വെളിപ്പെടുത്തൽ കൂടി വന്നതോടെ മുന്നറിയിപ്പിനെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുകയാണ്. കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. 29ന് ഉച്ചയ്ക്കാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വയനാട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. അന്നത്തെ ഐഎംഡി ബുള്ളറ്റിനിൽ ഉരുൾപൊട്ടൽ സാധ്യതയും പറയുന്നുണ്ട്.

ദുരന്തം ഉണ്ടായ പ്രദേശത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനി ഇല്ല. എന്നാൽ തൊട്ടടുത്ത മഴ മാപിനികളിൽ തുടർച്ചയായി ശക്തമായ മഴ രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം നൽകിയത് എന്നാണ് ഐഎംഡി വിശദീകരിക്കുന്നത്.എന്നാൽ ഈ മുന്നറിയിപ്പുകൾ പര്യാപ്തമല്ല എന്ന വാദമാണ് സർക്കാരിന്റേത്. ഇത്ര കടുത്ത മഴയ്ക്കും, ആഘാതത്തിനുമുള്ള സാധ്യത മുന്നറിയിപ്പുകളിൽ ഉണ്ടായിരുന്നില്ലെന്നാണ് സർക്കാർ വാദം.

സംസ്ഥാന സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുവാൻ മാറ്റ് കാരണങ്ങളും വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും, പുനരധിവാസവും മാത്രമാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ, മറിച്ച് ദുരന്തത്തിന് മുന്നോടിയായുള്ള പ്രതിരോധവും സന്നാഹമൊരുക്കലും സർക്കാർ ചെയ്യുന്നില്ല. മുൻകാല അനുഭവങ്ങൾ ഉണ്ടായിട്ടും ദുരന്തത്തിന് മുൻപ് ചെയ്യേണ്ട കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.

2018-ലെ പ്രളയത്തിനുശേഷം ഡൽഹി ജെഎൻയുവിലെ സ്പെഷ്യൽ സെന്റർ ഫോർ ഡിസാസ്റ്റർ റിസർച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ കേരളം ഈ വിഷയത്തിൽ തുടരുന്ന ന്യൂനത പ്രത്യേകം ചൂണ്ടികാട്ടിയിട്ടുണ്ട്. ദുരന്ത നിവാരണ പ്ലാനിന്റെ അഭാവം, അപകടമേഖലയുടെ വാർഡുതല ഭൂപടം തയ്യാറാക്കാത്തത്, പ്രവർത്തിക്കാത്ത മുന്നറിയിപ്പുസംവിധാനങ്ങൾ തുടങ്ങി പ്രശ്നങ്ങളേറെയാണ്‌ ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. കേരളം സ്ഥാപിച്ച 351 മുന്നറിയിപ്പു സംവിധാനങ്ങളിൽ 289 എണ്ണവും പ്രവർത്തനക്ഷമമല്ലെന്ന് രണ്ടുതവണയാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയത്.

വിദഗ്‌ധർ ഇല്ലാത്ത ദുരന്തനിവാരണ അതോറിറ്റിയും മറ്റൊരു വലിയ പോരായ്‌മയാണ്. ഇപ്പോൾ. ഉദ്യോഗസ്ഥർ മാത്രമടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ദുരന്തനിവാരണ അതോറിറ്റിയിലുള്ളത്. രണ്ട് വിദഗ്ധ അംഗങ്ങൾ ഉൾപ്പെടെ എട്ട് അംഗങ്ങളും ഓരോ മേഖലയ്ക്കും ഉപദേശക സമിതികളുമായാണ് നിയമം അനുശാസിക്കുന്നത്. ദുരന്തനിവാരണ വിദഗ്‌ധരെ ജില്ലാതല ഉദ്യോഗസ്ഥരായി നിയമക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഡെപ്യൂട്ടി കളക്ടർമാർക്കാണ് ഈ ചുമതല നൽകിയിരിക്കുന്നത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാൽ 2016-ൽ അംഗീകാരം നൽകിയ ദുരന്തനിവാരണ പദ്ധതിയാണ് കേരളം ഇപ്പോഴും പിന്തുടരുന്നത് എന്ന മനസിലാകും. ഇതുപ്രകാരം തയ്യാറാക്കിയിട്ടുള്ള ഭൂപടത്തിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയും മുണ്ടക്കൈയും ഉൾപ്പെടുന്ന വൈത്തിരി താലൂക്ക് താരതമ്യേന അപകടം കുറഞ്ഞ ഉരുൾപൊട്ടൽ മേഖലയാണ്. കാലാവസ്ഥയും മഴ പെയ്യുന്നതിന്റെ അളവിലുണ്ടായ മാറ്റങ്ങളുമൊന്നും തന്നെ ഈ ഭൂപടത്തിൽ രേഖപ്പെടുത്തിയിയിട്ടില്ല. എന്തിനേറെ പറയുന്നു, 2016 ന് ശേഷമായുണ്ടായ ഓഖിയും 2018 ലെ പ്രളയവും 2019 ലെ കവളപ്പാറയും പുത്തുമാലയും ഒന്നും സർക്കാരിന്റെ കണ്ണ് ഇതുവരെ തുറപ്പിച്ചിട്ടില്ല എന്നതാണ് സത്യം.

ദുരന്തം ഉണ്ടായതിന് ശേഷം സമാനതകൾ ഇല്ലാത്ത രക്ഷാ പ്രവർത്തനം നടത്തുന്നത് കൊണ്ടും ‘നമ്മൾ അതിജീവിക്കുമെന്ന’ സ്ഥിരം ടാഗ് ലൈനുകൾ ഉയർത്തുന്നതുകൊണ്ടും ഒന്നും മറ്റൊരു ദുരന്തത്തെ തടയാനാവില്ല. അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഏറ്റവും പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയുവാനും അതിനു വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാനും കഴിഞ്ഞില്ലെങ്കിൽ ഇനിയും കേരളം അഭിമുഖീകരിക്കുവാൻ പോകുന്നത് ഇതിലും വലിയ ദുരന്തങ്ങളെ ആയിരിക്കും.

Latest Stories

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ

എന്റെ ഇന്നത്തെ ഇന്നിങ്സിന് പിന്നിലെ പ്രചോദനം ആ ഇന്ത്യൻ താരം, അവൻ കാരണമാണ് ഞാൻ ശൈലി മാറ്റിയത്: രവിചന്ദ്രൻ അശ്വിൻ

ഒരുകാലത്ത് ധോണി എല്ലാ ഫോര്മാറ്റിലും ഓപ്പണറായി കിടുക്കും എന്ന് പറഞ്ഞവൻ, ഇന്ന് അവൻ ലോക തോൽവി; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്