കെ സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ച ആദ്യ ആഴ്ചയില്‍ തന്നെ മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് സ്വിഫ്റ്റ് ബസ് നേടിയിരിക്കുന്നത്. സര്‍വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം 35,38,291 രൂപയാണ്
കെ സ്വിഫ്റ്റ് ബസുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഉദ്ഘാടന ദിവസം മുതല്‍ പലയിടങ്ങളിലായി വാഹനം അപകടത്തില്‍പ്പെടുകയും ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അപകടങ്ങള്‍ വിവാദമാകുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നുവെങ്കിലും അതൊന്നും കെ സ്വിഫ്റ്റിനെ തളര്‍ത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗളൂരുവിലേക്കുള്ള സര്‍വീസുകളാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്.
ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി പുതിയതായി കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടിരൂപ കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് കെ സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചത്. ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്.
ആദ്യഘട്ടത്തില്‍ 99 ബസുകളാണ് സര്‍വീസ് നടത്തുന്നത്. 28 എണ്ണം എസി ബസുകളാണ്. ഇവയില്‍ 8 എണ്ണം എസി സ്ളീപ്പറും, 20 എസി സെമി സ്ളീപ്പറുമാണ്. കെഎസ്ആര്‍ടിസിയെ നവീകരിക്കുക എന്നതാണ് കെ സ്വിഫ്റ്റിന്റെ ലക്ഷ്യം. മറ്റ് ബസ് സര്‍വീസുകളെ അപേക്ഷിച്ച് കെ സ്വിഫ്റ്റ് ബസിന് ടിക്കറ്റ് നിരക്ക് കുറവാണ്. ബംഗളൂരുവിലേക്ക് പ്രൈവറ്റ് ബസുകള്‍ 3999 രൂപ വാങ്ങുമ്പോള്‍ കെ സ്വിഫ്റ്റ് ഈടാക്കുന്നത് 3100 രൂപയാണ്.