മുസ്ലീംലീഗ് ഭരിക്കുന്ന പഞ്ചായത്ത് ഗ്രൗണ്ടിൽ ആർഎസ്എസ് പഥസഞ്ചലനം; പ്രതിഷേധ മാർച്ച് നടത്തി ഡിവൈഎഫ്ഐ, അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് സിപിഎം

കണ്ണൂർ മാടായി പഞ്ചായത്ത് ഗ്രൗണ്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകിയതിൽ പ്രതിഷേധവുമായി സിപിഎം. മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് ആർഎസ്എസ് പരിപാടിക്ക് അനുമതി കൊടുത്തത് അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്ന് സിപിഎം ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധവുമായി പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ചും നടത്തി.

മറ്റൊരിടത്തും അനുമതി നൽകിയില്ലെന്നും മാടായിയിൽ മാത്രം പഞ്ചായത്ത് ഗ്രൗണ്ട് വിട്ടുകൊടുത്തെന്നും ആണ് സിപിഎമ്മിന്റെ ആക്ഷേപം. ഡിവൈഎഫ്ഐ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചിൽ ലീഗ് അംഗം സമദിന് മർദനമേറ്റെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ആര്‍എസ്എസ് ആയുധ പ്രകടനത്തിനാണ് ലീഗ് ഭരിക്കുന്ന പഞ്ചായത്ത് അനുമതി നല്‍കിയത്. ന്യായമായ കാര്യമാണോയെന്ന് മുസ്ലീം ലീഗ് നേതൃത്വം തന്നെ മറുപടി പറയട്ടെയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞിരുന്നു. നടപടി മുസ്ലിങ്ങളെ കൊലയറയിലേക്ക് എത്തിക്കുന്നതിന് തുല്യമാണെന്നും എംവി ജയരാജന്‍ പറഞ്ഞു.

അതേസമയം നിരോധിത സംഘടനയല്ലാത്ത ആർഎസ്എസിന് ഗ്രൗണ്ട് വിട്ടുനൽകിയതിൽ തെറ്റെന്തെന്നാണ് പ്രസിഡന്‍റിന്‍റെ ചോദ്യം. പഞ്ചായത്ത് സെക്രട്ടറിക്ക് ആർഎസ്എസ് നൽകിയ അപേക്ഷ അംഗീകരിച്ച് അനുമതി നൽകിഎന്നും പ്രസിഡന്റ് പറയുന്നു. പയ്യന്നൂരിൽ സിപിഎം ഭരിക്കുന്ന നഗരസഭയിൽ സർക്കാർ സ്കൂൾ ഗ്രൗണ്ട് പഥസഞ്ചലനത്തിന് വിട്ടുകൊടുത്തു. മാടായിയിൽ മാത്രം പ്രശ്നം കാണുന്നതിൽ ലക്ഷ്യം വേറെയാണെന്നും പ്രസിഡന്റ് പറയുന്നു.

Read more

എന്നാൽ അനുമതി നല്‍കിയതില്‍ മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്. പഞ്ചായത്തിന് ജാഗ്രത കുറവ് സംഭവിച്ചുവെന്നും പഞ്ചായത്ത് പ്രസിഡന്‍റ് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.