കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മുഹമ്മദ് അഷീലിൻെറ ഫെയ്സ്ബുക്ക് കമൻറ് വിവാദത്തിൽ. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയായ പൂന്തുറയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ചായിരുന്നു അഷീലിെൻറ വിവാദ കമൻറ്.
‘തോക്ക് ഒഴിവാക്കാമായിരുന്നു, തോക്ക് കോവിഡിനെതിരായുള്ളതല്ല. ജനങ്ങൾക്ക് എതിരായുള്ളതാണ്’ എന്ന് അഭിപ്രായപ്പെട്ടയാളുടെ കമൻറിന് അഷീൽ നൽകിയ മറുപടിയാണ് വിവാദത്തിലായത്. അവിടത്തെ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കില്ല. അത് കൊണ്ട് ‘തോക്ക്’ ഒരു മെസ്സേജ് കൊടുക്കും’ എന്നാണ് അദ്ദേഹം കുറിച്ചത്. മുഹമ്മദ് അഷീലിൻെറത് വംശീയ പരാമർശമാണെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.
കമൻറ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പൂന്തുറ മാത്രമാണോ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രദേശം? തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങങ്ങളിൽ ഉള്ളവരൊക്കെ കൃത്യമായി എല്ലാ നിർദേശങ്ങളും പാലിക്കുന്നുണ്ടോ? മത്സ്യത്തൊഴിലാളികളായാലും മാധ്യമ പ്രവർത്തകരായാലും സർക്കാർ ഉദ്യോഗസ്ഥരായായാലും രാഷ്ട്രീയ പ്രവർത്തകരായാലും നിയമപാലകരായാലും അതിൽ വ്യത്യാസമൊന്നുമില്ല തുടങ്ങിയ അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്.
തോക്കിൻറെ ഭാഷ മാത്രമേ മത്സ്യത്തൊഴിലാളിയ്ക്ക് മനസ്സിലാവൂ എന്ന തോന്നൽ വംശീയതയാണെന്നും ചിലർ കുറിച്ചു. സംഭവത്തിൽ ഡോ:അഷീൽ പിന്നീട് വിശദീകരണവുമായി രംഗത്തെത്തി.