സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിൽ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും. ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
രോഗം സ്ഥിരീകരിച്ച ജില്ലകൾ അവശ്യസേവനങ്ങൾ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഈ നിയന്ത്രണം കാസർകോട് ജില്ലയിൽ ഏറക്കുറെ നടപ്പാക്കി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കാസർകോട് ജില്ലയിൽ പൊതുഗതാഗതം പൂർണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു നിർദേശം നൽകി. എല്ലാ പൊതു-സ്വകാര്യ പരിപാടികൾക്കും നിരോധനമുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നാണു കേന്ദ്ര നിർദേശം.
കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണം അവിടേക്കും ബാധകമാക്കേണ്ടിവരും.
രോഗവ്യാപനം തടയാൻ 1897-ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാൻ സർക്കാർ നിർദേശം നൽകി. മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങൾ, ടൂർണമെന്റുകൾ, ഗ്രൂപ്പ് മത്സരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തിയേറ്ററുകൾ, മാളുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും നിയന്ത്രിക്കാനുള്ള നടപടിക്കും നിർദേശം നൽകി. പകർച്ചവ്യാധി വ്യാപനം തടയാൻ അവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്‌ഷൻ 144 പ്രയോഗിക്കാം.
സംസ്ഥാനത്ത് 15 പേർക്കുകൂടി പുതുതായി കൊറോണബാധ സ്ഥിരീകരിച്ചു. കാസർകോട്ട് അഞ്ചുപേർക്കും കണ്ണൂർ ജില്ലയിൽ നാലുപേർക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചത് ആദ്യമായാണ്. ഇതോടെ കേരളത്തിൽ രോഗബാധിതരുടെ എണ്ണം 67 ആയി. കോഴിക്കോട്ടും ആദ്യമായാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയ മൂന്നുപേരൊഴികെ 64 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് നിലവിൽ 59,295 പേർ നിരീക്ഷണത്തിലുണ്ട്. 58,981 പേർ വീടുകളിലും 314 പേർ ആശുപത്രികളിലും.